ഫിത്റഃ യുക്തിയും പ്രമാണവും – ഇബ്നു തൈമിയ്യന്‍ വീക്ഷണത്തില്‍
മനുഷ്യ ചരിത്രത്തിൻറെ ഉത്ഭവം മുതൽ ഇന്ന് വരെയുള്ള ചരിത്രപാഠങ്ങൾ നിരീക്ഷിച്ചാൽ ജ്ഞാനം എന്ന വസ്തുതയാണ് മനുഷ്യജീവിതത്തിൻറെ അടിസ്ഥാനം എന്ന് കാണാന്‍ സാധിക്കും. ഒരു കുഞ്ഞ് ജനിക്കുന്നതോടെ അവനി(ളി)ലെ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമമാകുന്നു. കാരണം അറിയുക എന്നത് ഒരു മനുഷ്യൻറെ അതിജീവനവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. പക്ഷേ എങ്ങനെയാണ് ഒരു മനുഷ്യൻ അറിയുന്നത്, അവൻ അറിഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് അറിഞ്ഞത്, ഈ രണ്ട് ചോദ്യങ്ങളിൽ നിന്നാണ് ജ്ഞാനശാസ്ത്ര ചർച്ചകൾ പുരോഗമിക്കുന്നത്. പല തലങ്ങളിലൂടെയാണ് മനുഷ്യൻ ജ്ഞാനം ആർജിക്കുന്നത്. ഹിജ്റഃ ആറാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖുൽ ഇസ്ലാം ഇമാം ഇബ്നു തൈമിയ്യ ഇതിനെ വിശദീകരിക്കുന്നുണ്ട്. പൂർവ്വ പണ്ഡിതന്മാർ ഉന്നതമായ കാഴ്ച്ചപ്പാടുകളിൽ എത്തിച്ചേരുവാൻ രണ്ട് തരത്തിലുള്ള വഴികളും – യുക്തിപരമായും പ്രാമാണികമായും – സ്വീകരിച്ചിരുന്നു. ഇവ രണ്ടും പരസ്പര പൂരകമായ സ്രോതസ്സുകളാണെന്ന് പണ്ഡിതന്മാര് മനസ്സിലാക്കിയതായി ഇമാം ഇബ്നു തൈമിയ്യ വിശദീകരിക്കുന്നു.
സൂറഃ അല്മുൽക്കിലെ 18-ാമത്തെ വചനത്തിൽ, (وقالوا لو كنا نسمع أو نعقل ما كنا في أصحاب السعير) “അവർ പറയും. ഞങ്ങൾ ചെവികൊടുത്ത് കേൾക്കുകയോ, ചിന്തിച്ച് നോക്കുകയോ, ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ നരകവാസികളിൽ പെടുമായിരുന്നില്ല”. ഇവിടെ അല്ലാഹു തന്നെ ഇരു സ്രോതസ്സുകളുടെയും പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ഇബ്നു തൈമിയ്യ ഈ വിഷയത്തെ മുന്നോട്ട് വെച്ച് എഴുതിയ പത്ത് വാള്യങ്ങളുള്ള പ്രൌഢോജ്ജ്വല ഗ്രന്ഥമാണ് ദര്അത്തആറുദ് അല്‍ അഖ്ല് വന്നഖ്ല്‍. പ്രസ്തുത ഗ്രന്ഥം ഇമാം ഹി. 712 നും 717 നും ഇടയിൽ എഴുതിയതാണെന്ന് കണക്കാക്കപ്പെടുന്നു.
യുക്തിപരമായ തെളിവുകൾ പ്രാമാണിക തെളിവുകള്‍ക്ക് വിരുദ്ധമായാൽ, യുക്തിപരമായ തെളിവുകൾക്ക് മുൻഗണന നൽകണം എന്ന അശ്അരി തത്വത്തെ പ്രത്യേകമായി ഇബ്നു തൈമിയ്യ പരിഗണിച്ചിരുന്നു. ഇബ്നു തൈമിയ്യ മുന്നോട്ട് വെച്ച, യുക്തി-പ്രമാണ ബന്ധത്തെ കുറിച്ച് ആദ്യം ചർച്ച ചെയ്തത് ഹെൻറി ലാവോ ആണ്, അദ്ദേഹം പറയുന്നത്, ഇബ്നു തൈമിയ്യയെ സംബന്ധിച്ചിടത്തോളം അവ രണ്ടും തമ്മിൽ യാതൊരു വൈരുദ്ധ്യവും ഉണ്ടാവേണ്ട ആവശ്യമില്ല എന്നാണ്. പ്രാമാണിക പാരമ്പര്യവും (നഖ്ലുൻ സ്വരീഹ്) യുക്തിയും (അഖ്ലുൻ സ്വരീഹ്) ഒരേ യാഥാർത്ഥ്യത്തിൻറെ രണ്ട് വശമാണ് എന്നാണ് ഇബ്നു തൈമിയ്യയുടെ പക്ഷം, ശൈഖ് റാസിയുടെ ഖാനൂനിലെ ഉദ്ധരിണികൾക്ക് എതിരായിട്ട് 44 വാദങ്ങൾ ദർഅത്തആറുദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു തൈമിയ്യയുടെ ജ്ഞാനശാസ്ത്ര ചർച്ചകളിൽ ഏറെ പ്രധാനപ്പെട്ടവയാണ് ഫിത്റഃയെ കുറിച്ചുള്ള പഠനം, ഇബ്നു തൈമിയ്യ ദർഅത്തആറുദിൽ നിരവധി തവണ ഫിത്റഃയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിൽ കൂടി, ഒരു കൃത്യമായ വിശകലനം നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പല സ്ഥലങ്ങളിലായി പറഞ്ഞുവെച്ചതിനെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് മാത്രമാണ് ഫിത്റഃ എന്ന ആശയത്തെക്കുറിച്ച് പഠിക്കാൻ സാധ്യമാവുകയുള്ളൂ എന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്. മുമ്പ് സൂചിപ്പിച്ചത് പോലെ, മനുഷ്യൻറെ പ്രകൃതം അഥവാ ഫിത്റഃ എന്നത് ജ്ഞാനശാസ്ത്ര ചർച്ചകളിൽ തീരെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സംജ്ഞയാണ്. എല്ലാ മനുഷ്യരും ശുദ്ധമായ ഫിത്റഃയിലാണ് ജനിക്കുന്നത് എന്നതിന് ഖുർആനിൽ നിന്നും ഹദീഥിൽ നിന്നും തെളിവുകളുണ്ട്, ഖുർആനിൽ സൂറഃ അല്റൂമിലെ 30-ാമത്തെ സൂക്തത്തിൽ വിവരിക്കുന്നത് പ്രകാരം അല്ലാഹു ആദമിൻറെ സന്തതികളെ മുഴുവൻ വിളിച്ച് ചേർത്തിട്ട്, ഞാൻ നിങ്ങളുടെ റബ്ബ് അല്ലയോ എന്ന് ചോദിക്കുമ്പോൾ ഏവരും, അല്ലാഹു തങ്ങളുടെ രക്ഷിതാവാണ് എന്ന് അംഗീകരിക്കുന്നുണ്ട്. പിന്നീട്, ഞങ്ങൾ ഇതിനെക്കുറിച്ച് അജ്ഞരായിരുന്നു എന്ന് പറയാതിരിക്കാനാണ് അല്ലാഹു ഇത് ഓർമിപ്പിക്കുന്നത് എന്നും ഇതേ വചനത്തിൽ കാണാം. ഇമാം ഇബ്നു ആശൂർ പ്രസ്തുത സൂക്തത്തിൻറെ തഫ്സീറിൽ പറയുന്നത്, അല്ലാഹുവിൻറെ റുബൂബിയ്യത്തിനെ കുറിച്ചുള്ള അറിവ് അവരിലുണ്ടെന്നതിലേക്കുള്ള സൂചനയാണ് ഈ വചനം. അതിനാൽ തന്നെ മനുഷ്യരുടെ ഫിത്റഃയിൽ ദൈവാസ്തിക്യം എഴുതപ്പെട്ടിട്ടുണ്ടെന്ന് (مغرور) കരുതി, എല്ലാവരും മുസ്ലിങ്ങളാണ് എന്ന് പറയാൻ സാധിക്കില്ല. കാരണം, സൂറഃ അന്നഹ്ലിലെ 78-ാമത്തെ വചനത്തിൽ അല്ലാഹു പറയുന്നു, “അല്ലാഹു നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്നും നിങ്ങളെ പുറത്തുകൊണ്ടുവരുന്നു, നിങ്ങൾ ഒന്നും അറിഞ്ഞുകൂടാതിരുന്ന ഒരവസ്ഥയിൽ, നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ച്ചയും ചിന്താശേഷിയും നൽകി, നിങ്ങൾ കൃതജ്ഞരാകാനും മതിയെന്നുവെച്ച്”, അതിനാൽ തന്നെ മേൽ ഉദ്ധരിച്ച വചനങ്ങളുടെ വെളിച്ചത്തിൽ സത്യത്തെ തിരിച്ചറിയാനും ഉൾക്കൊള്ളാനുമെല്ലാം ഉതകുന്ന ഒരു മനസ്സ് ഫിത്റഃയിൽ ഉണ്ട്. പ്രവാചകന്മാർ ഫിത്റഃയെ പാലിനോട് ഉപമിച്ചുവെന്ന് ഇബ്നു തൈമിയ്യ ദർഇൽ വിശദീകരിക്കുന്നുണ്ട്. എല്ലാ കുട്ടികളും ഉമ്മയുടെ മുലപ്പാലിന് വേണ്ടി ആഗ്രഹിക്കും. അത് പോലെ അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ദൈവം എന്ന പരമാസ്തിത്വത്തെ അന്വേഷിക്കും, ഈ ഒരു ചിന്തയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രം. ഇതിനെ തുടർന്ന് വരുന്ന കർമ്മശാസ്ത്ര ചർച്ചകളെകൂടി ഇബ്നുതൈമിയ്യ കൈകാര്യം ചെയ്യുന്നുണ്ട്. മജ്മൂഉൽ ഫതാവയിൽ, പ്രവാചകന്മാരുടെ ആഗമനത്തെക്കുറിച്ച് പറയുന്നത്, അവരെ പ്രസ്തുത ഫിത്റഃയെ ശുദ്ധീകരിക്കാനാണ് അയച്ചിട്ടുള്ളത് എന്നാണ്. ഇബ്നു തൈമിയ്യ ഇതിനെ ഭക്ഷണത്തിനോടും വിശപ്പിനോടും ഉപമിച്ചാണ് പ്രതിപാദിക്കുന്നത്. ഭക്ഷണം നമ്മുടെ മുന്നിൽ ഉണ്ടാവുക എന്നത് ഒരിക്കലും വിശക്കാനുള്ള കാരണം ആവാത്തത് പോലെ, പ്രവാചകന്മാർ അയക്കപ്പെട്ടു എന്നത് ഫിത്റഃയെ ഉറപ്പിക്കുക എന്നർത്ഥത്തിലല്ല. കാരണം, ഭക്ഷണം ഉണ്ടായാലും ഇല്ലെങ്കിലും വിശപ്പ് നിലനിൽക്കുന്നത് പോലെ, ദൈവത്തിൻറെ അസ്തിത്വവും അതിനോട് വിധേയപ്പെടാനുള്ള വാഞ്ചനയും എക്കാലത്തും നിലനിൽക്കും. മനുഷ്യർക്ക് പ്രവാചകന്മാർ വഴി ലഭിച്ച ദിവ്യബോധനം മനുഷ്യനിൽ അന്തർലീനമായ ഈ ഫിത്റഃയെ പരിപോഷിപ്പിക്കുകയും പ്രകടമാക്കുകയും ചെയ്യുന്നുവെന്ന് മാത്രം. മജ്മൂഉൽ ഫതാവയിൽ ഇബ്നു തൈമിയ്യ എഴുതുന്നു, ഫിത്റഃയെ ഉണർത്തുന്നതിനു വേണ്ടി, അതിന് പരിചിതമായ സത്യങ്ങളായിട്ടാണ് പ്രവാചകന്മാർ ആഗതരായത്, ഒരേ സമയം ഫിത്റഃയെ പരിപോഷിപ്പിക്കുന്നതും അതിന് തടസ്സം നിൽക്കുന്നതിന് എതിരായിട്ടുള്ള ഘടകങ്ങളായിട്ടാണ് അവരുടെ ആഗമനം. ഒരിക്കലും ഫിത്റഃയെ മാറ്റിമറിക്കാനല്ല അവർ വന്നത് പകരം, അതിനെ ശക്തിപ്പെടുത്താനാണ്. ഇത് സാധ്യമാവുക ഇറക്കപ്പെട്ട നിയമസംവിധാനത്തെ (ശരീഅത്തുൽ മുർസല) ഫിത്റഃ അംഗീകരിക്കുമ്പോൾ മാത്രമാണ്. ഇബ്നു തൈമിയ്യയെ സംബന്ധിച്ച് ഇതിൽ ഏറ്റവും ഊന്നൽ നൽകിയത്, ദൈവാസ്തിക്യത്തെ സ്ഥാപിക്കുന്നിടത്ത് നടത്തിയ ജ്ഞാനശാസ്ത്രപരമായ (epistemological) പങ്കാളിത്തമാണ്. മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു,
وإذا كان كذلك فكل إنسان في قلبه معرفة ربه، فإذا قيل له “إقرأ باسم ربك” عرف ربه الذي هو مأمور أن يقرأ باسمه، كما يعرف أنه مخلوق، والمخلوق يستلزم الخالق ويدل عليه
എല്ലാ മനുഷ്യനും സ്വന്തം ഹൃദയത്തിൽ തൻറെ രക്ഷിതാവിനെ കുറിച്ചുള്ള തിരിച്ചറിവ് (മഅ്രിഫത്) ഉണ്ട്. (നിൻറെ രക്ഷിതാവിൻറെ നാമത്തിൽ നീ വായിക്കുക) എന്ന് പറയുമ്പോൾ അവിടെ പറയപ്പെട്ട തൻറെ രക്ഷിതാവ് ആരാണെന്ന് അവന് അറിയാം, അവനൊരു സൃഷ്ടിയാണെന്ന് അറിയുന്നത് പോലെ. ഒരു സൃഷ്ടി എന്നത് ഒരു സ്രഷ്ടാവിൻറെ സാന്നിധ്യത്തെ ഉറപ്പ് വരുത്തുകയും തെളിയിക്കുകയും ചെയ്യുന്നു.,
തുടർന്ന് ഇബ്നു തൈമിയ്യ പറയുന്നത്,
“وهذه الآية أيضا تدل على أنه ليس النظر أول واجب، بل أول ما أوجب الله على نبيه صلى الله عليه وسلم (إقرأ باسم ربك) لم يقل انظر واستدل حتى تعرف الخالق”
ഈ സൂക്തം വ്യക്തമാക്കുന്നത് പോലെ, ദൈവത്തെ അറിയുന്നതിലെ ആദ്യ ബാധ്യത എന്നത് ഗവേഷണമോ, അന്വേഷണമോ അല്ല. പകരം റസൂൽ (സ) യുടെ മേൽ അല്ലാഹു ആദ്യം നിർബന്ധമാക്കിയത് (നിൻറെ റബ്ബിൻറെ നാമത്തിൽ വായിക്കുക) എന്നാണ്, അല്ലാതെ നീ സ്രഷ്ടാവിനെ അറിയുന്നത് വരെ അന്വേഷിക്കുകയും തെളിവ് കണ്ട് പിടിക്കുകയും ചെയ്യൂ എന്നല്ല.
കാരണം അശ്അരി അഖീദയിലെ കാഴ്ചപ്പാടനുസരിച്ച് നിർബന്ധമായും അറിയുന്ന ഒന്നിനെ തെളിയിക്കാൻ യുക്തിപരമായ തെളിവുകൾ ആവശ്യമില്ല. ഈയൊരു സംഗതിയെ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു ഹദീസ് കൂടി ഇബ്നു തൈമിയ്യ ഉദ്ധരിക്കുന്നുണ്ട്. റസൂൽ(സ) ഒരു അടിമ പെണ്‍കുട്ടിയോട് അല്ലാഹു എവിടെയാണ് എന്ന് ചോദിച്ചപ്പോൾ, മറുപടി ലഭിച്ചത് ആകാശത്തിലാണെന്നാണ്. ദൈവശാസ്ത്ര ചർച്ചകൾക്ക് ശേഷമോ, ഗഹനമായ ചർച്ചകൾക്ക് ശേഷമോ അല്ല ആ കുട്ടി അങ്ങനെ ഒരു ഉത്തരത്തില്‍ എത്തിച്ചേർന്നത്, പകരം ഫിത്റഃയിൽ ഉണ്ടായിട്ടുള്ള ദൈവിക ബോധമാണ്. എല്ലാ മനുഷ്യരുടെയും ഫിത്റഃയിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് (മഗ്റൂർ), അത് കൊണ്ട് തന്നെ ഊഹത്തിലധിഷ്ഠിതമായ തെളിവുകളുടെയും തർക്കശാസ്ത്ര ഘടകങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ദൈവാസ്തിക്യത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു പാഴ്വേലയാണെന്നാണ് ഇബ്നു തൈമിയ്യ പറയുന്നത്. പ്രാമാണിക തെളിവുകളെ ഒരാൾ പരിഗണിക്കുമ്പോൾ ദൈവാസ്തിക്യത്തെയും, അല്ലാഹുവിൻറെ സ്വിഫാത്തുകളെയും, അവൻറെ പ്രവാചകന്മാരുടെ അധ്യാപനങ്ങളെയുമെല്ലാം ഉള്‍പ്പെടുത്തി കൃത്യപ്പെടുത്തിയ ബുദ്ധിപരമായ തെളിവുകൾ ഉപയോഗിക്കുന്നത് സർവ്വസാധാരണമായിരുന്നു. അശ്അരി ഇമാമായ അബൂ ഹാമിദ് അൽ ഗസ്സാലിയുടെ അഭിപ്രായ പ്രകാരം വിശ്വാസകാര്യങ്ങളെ യുക്തിപരമായി പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത് രൂപം കൊണ്ടത്. ഇമാം ഗസ്സാലി തൻറെ വൈജ്ഞാനിക ജീവിതത്തിലുണ്ടായ ആശയ-സന്ദേഹങ്ങളെയും മറ്റും അതിജയിച്ചത് തത്ത്വചിന്താപരമായ വാദങ്ങൾക്കും തെളിവുകൾക്കും ഉപരിയായി ആത്മീയ യാത്രയിലൂടെയാണെന്ന് അൽ മുൻഖിദ് മിനദ്ദലാലിൽ പറയുന്നുണ്ട്.
നേരത്തെ പറഞ്ഞത് പോലെ, ഇമാം ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമും (റഹിമഹുമല്ലാഹ്) രൂപികരിച്ച ഖുർആനിക ജ്ഞാനശാസ്ത്രത്തിൽ യുക്തിപരമായ തെളിവുകൾ ദൈവവിശ്വാസത്തെ സാധൂകരിക്കാൻ ആവശ്യമില്ലെന്നാണ്. ഇനി ആരെങ്കിലും ഫിത്റഃയെ ലംഘിക്കുകയോ, നിഷേധിക്കുകയോ ചെയ്താൽ തീവ്രമായ സന്ദേഹവാദത്തിലേക്ക് എത്തിപ്പെടുകയാവും പരിണതി. ജ്ഞാനശാസ്ത്ര ചിന്തകർക്കിടയിൽ പൊതുവെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യമാണ്, എത്രത്തോളമാണ് മനുഷ്യ ബുദ്ധിയുടെ പരിധി, അഥവാ എത്രത്തോളമാണ് മനുഷ്യന് അറിയാൻ സാധിക്കുക തുടങ്ങിയ ചോദ്യങ്ങളെ അധികരിച്ച് നിലനിൽക്കുന്ന ഒരു ജ്ഞാനധാരയാണ് സന്ദേഹവാദം. ഒരു കാര്യത്തെ കുറിച്ച് നമുക്ക് അറിയാൻ കഴിയില്ല, അഥവാ നമുക്ക് അറിയാം എന്ന് വിചാരിക്കുന്ന അത്രത്തോളം നമുക്ക് അറിയില്ല, തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന കാഴ്ച്ചപ്പാടാണിത്. സന്ദേഹവാദത്തിനെ അനുകൂലിച്ച് കൊണ്ട് പാശ്ചാത്യ ചിന്തകനായ റെനെ ദെകാർതെ മുന്നോട്ട് വെക്കുന്നത്, സ്വപ്നം കാണുമ്പോള്‍ അത് യാഥാര്‍ഥ്യമാണല്ലോ എന്ന മിഥ്യാബോധം നമ്മിലുളവാകുംവിധം നമ്മുടെ കാഴ്ചപ്പാടുകള്‍ ശരിയാണ് എന്ന ഒരു മിഥ്യാബോധം മനുഷ്യരില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നമ്മുടെ മനസ്സിന് നമ്മളെ കബളിപ്പിക്കാന്‍ കഴിയും അല്ലെങ്കില്‍ ഏതെങ്കിലും ഒരു പൈശാചിക ശക്തിക്ക് നമ്മെ തെറ്റിദ്ധാരണയിലകപ്പെടുത്താന് കഴിയും തുടങ്ങിയ തരത്തിലുള്ള വാദങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഇത്തരത്തില്‍ സത്യവും മിഥ്യയും വേർതിരിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മുടെ എല്ലാ സങ്കൽപങ്ങളെയും ഇത് തകർക്കുകയും അറിവില്ലായ്മയുടെ പന്ഥാവിൽ നമ്മൾ അകപ്പെടുകയും ചെയ്യും എന്നാണ് ദെകാർതെ പറയുന്നത്. പ്രസ്തുത വാദം കാർട്ടീഷ്യൻ സ്കെപ്റ്റിസിസം എന്നറിയപ്പെടുന്നു. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യക്ക് തൻറെ ജീവിതകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന ഒരു ആശയധാരയായിരുന്നു സഫ്സതഃ (Sophistry). ദൈവാസ്തിക്യത്തെ കുറിച്ചുള്ള യുക്തിസഹമായ തെളിവുകളുമായി ബന്ധപ്പെട്ട ഒരു സംവാദമാണത്. മനുഷ്യർക്ക് പല തരത്തിലുള്ള ചോദ്യങ്ങളും ഉന്നയിക്കാം. ഉദാഹരണത്തിന്, എങ്ങനെയാണ് ഒരാള്‍ക്ക് ആ കാര്യം അറിയുന്നത്, അഥവാ, ഈ ഭൌതിക ലോകം നിലനിൽക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങൾക്കും വാദങ്ങൾക്കും യാതൊരു തരത്തിലെ തെളിവുകളും ആവശ്യമാകാത്തത് കൊണ്ട് തന്നെ സംശയങ്ങൾ പൊതുവെ അധികരിക്കാറുണ്ട്.
ശൈഖ് ഇബ്നു തൈമിയ്യ തൻറെ മൂന്ന് പുസ്തകങ്ങളിലൂടെയാണ് തത്ത്വചിന്താപരമായ വാദങ്ങൾ നിരത്തുന്നത്. അതിൽ ഒന്നാമത്തേത്, “ദർഉൽ തആറുദിൽ അഖ്ലി വന്നഖ്ലാണ്”, രണ്ടാമത്തേത്, അരിസ്റ്റോട്ടിലിയൻ ജ്ഞാനശാസ്ത്രത്തെ കുറിച്ചുള്ള “റദ്ദ് അലൽ മൻതിഖിയ്യീൻ”, മൂന്നാമത്തേത്, “നഖ്ദുൽ മൻതിഖിയ്യീൻ”. നേരത്തെ പ്രതിപാദിച്ചത് പോലെ, യഖീൻ ഉണ്ടാക്കാൻ തത്ത്വചിന്താപരമായ തെളിവുകൾക്ക് പിന്നാലെ പോകുന്നത് സന്ദേഹങ്ങളിൽ മുഴുകിയ മനസ്സാണെന്ന് ഇബ്നു തൈമിയ്യ വാദിക്കുന്നു. സന്ദേഹവാദത്തിൻറെ ചരിത്രം പരിശോധിച്ചാൽ 270 ബി. സി. ഇ-ൽ മരണപ്പെട്ട പൈറോയിലേക്കാണ് ചെന്ന് മുട്ടുക. പൈറോൻറെ സന്ദേഹവാദം അതിതീവ്രമായിരുന്നു, എത്രത്തോളം എന്ന് വെച്ചാൽ കൊക്കയിലേക്ക് ചാടുന്നതിൽ നിന്നും കുരക്കുന്ന പട്ടികൾക്കിടയിലേക്ക് പോകുന്നതിൽ നിന്നും അദ്ദേഹത്തെ ശിഷ്യന്മാരാണ് തടഞ്ഞ് രക്ഷിക്കുന്നത്. കാരണം, വാസ്തവത്തിൽ ഇതൊന്നും അവിടെ ഇല്ലെങ്കിലോ എന്ന സന്ദേഹമാണ് പൈറോനെ ഇത്തരം അടിസ്ഥാന രാഹിത്യത്തിലേക്ക്(absurdity) നയിച്ചത്. ഇബ്നു തൈമിയ്യക്ക് പൈറോണിയൻ വാദികളുടെയും സോഫിസ്റ്റുകളുടെയും വാദങ്ങളെല്ലാം പരിചിതമായിരുന്നു. ഇബ്നു തൈമിയ്യ അവരുടെ സന്ദേഹവാദങ്ങളെ പരമാവധി ചർച്ച ചെയ്യുകയും അതിൽ അടങ്ങിയിട്ടുള്ള തത്ത്വചിന്താപരമായ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുകയും ചെയ്തു. ഇതുവഴി തൻറെ എതിർവാദത്തിൻറെ ജ്ഞാനശാസ്ത്ര പിഴവുകളെ മുന്നോട്ട് കൊണ്ട് വരുകയും, ഖുർആനിൽ വേരൂന്നിയ ഒരു സംവിധാനത്തിൻറെ ആവശ്യകത എത്രത്തോളമാണെന്ന് സമർത്ഥിക്കുകയും ചെയ്തു. ഇമാം ഗസ്സാലി പറഞ്ഞത് പോലെ സംശയത്തിലൂന്നിയ അന്വേഷണം സംശയങ്ങളുടെ ഒരു കടലിലേക്ക് മാത്രമേ നയിക്കുകയുള്ളു. ഇത് ഒറ്റ വാക്കിൽ പറഞ്ഞാൽ അനിശ്ചിത ശൃംഖല സിദ്ധാന്തം (infinite regression). കാരണം അവർക്ക് ഒരിക്കലും വിജ്ഞാനം നേടാനോ അറിവിൻറെ ശുദ്ധമായ അവസ്ഥയിൽ എത്തിച്ചേരാനോ സാധിക്കില്ല.
പാശ്ചാത്യ തത്ത്വചിന്തയിലെ സന്ദേഹവാദവും സൂഫിസ്താഇയ്യ വാദങ്ങളും തമ്മിൽ അത്യധികം സാമ്യതയുണ്ട്. സൂഫിസ്താഇയ്യ വാദങ്ങളിലെ പിഴവുകളെ ചൂണ്ടി കാണിച്ചുകൊണ്ട് മാതുരീദിയ്യ സരണിയുടെ ഇമാം അബു മൻസൂർ അൽ മാതുരീദി തൻറെ കിതാബുൽ തൌഹീദിൽ ഒരു അധ്യായം തന്നെ മാറ്റിവെക്കുന്നുണ്ട്. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളും യുക്തിയും വിജ്ഞാനം നേടുന്നതിൽ ആശ്രയിക്കാൻ കഴിയാത്തതാണ്, അത് കൊണ്ട് വിജ്ഞാനം എന്നത് നിലനിൽക്കുന്നില്ല, പകരം കേവല അഭിപ്രായങ്ങളും വിശ്വാസങ്ങളും മാത്രമാണ് ഉള്ളത്, തുടങ്ങിയ ചർച്ചകൾക്കെതിരെ ഖുർആനിക ജ്ഞാനശാസ്ത്രപരമായ ഒരു പരിഹാരം പറയുമ്പോൾ ഇബ്നു തൈമിയ്യ ഊന്നല്‍ നല്‍കിയിരുന്ന കുറച്ച് മേഖലകളുണ്ട്. അതില്‍ പ്രധാനം, എല്ലാ മനുഷ്യരും യാഥാർത്ഥ്യത്തിലേക്ക് ചായുന്നവരാണ്, അതിനാൽ തന്നെ മനസ്സിൽ തെറ്റായ ചിന്താവിചാരങ്ങൾക്ക് പകരം വ്യക്തവും സ്പഷ്ടവുമായ വിജ്ഞാനം നേടിയെടുക്കാൻ ഓരോ മനുഷ്യനും മുൻഗണന നൽകുണം എന്ന വസ്തുതയാണ്.
വിജ്ഞാനത്തെ കുറിച്ചും അതിൻറെ മഹത്വത്തെ കുറിച്ചും ഇസ്ലാം ധാരാളമായി സംസാരിച്ചിട്ടുണ്ട്. ഹുദൈഫഃ റഹ്മാൻ പറഞ്ഞത് പോലെ – കാഴ്ചയെ വിലക്കിയ മതമായിട്ടും ഏറ്റവും വലിയ കാഴ്ചയാണ് ആ മതത്തിലെ പ്രലോഭനം, അല്ലാഹുവിനെ കാണൽ – എന്നത് പോലെ, ഇസ്ലാമിലെ ഒന്ന് മുതൽ രണ്ട് വരെയുള്ളതെല്ലാം ദൈവികമാണ്, പരലോകവുമായി കണ്ണിയറ്റാത്തതുമാണ്. അത് കൊണ്ടല്ലേ യഥാർത്ഥ ജ്ഞാനം (യഖീൻ) സംഭവിക്കുന്നത് മരിക്കുമ്പോഴാണെന്ന് പറയപ്പെടുന്നത്.