ഹിന്ദുത്വവും സ്വവര്‍ഗ ലൈംഗികതാവാദവും ഇന്‍ഡ്യന്‍ മുസ്‍ലിം രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികളും

lgm

വിവര്‍ത്തനം: നസ്‍റീന്‍ ഹംസ


 

പാശ്ചാത്യ-പൌരസ്ത്യ ഭേദമന്യേ മുസ്‍ലിങ്ങൾക്കിടയിൽ LGBT സംഘടനകളുമായുള്ള രാഷ്ട്രീയ സഖ്യം കൂടുതലായി ഉയർന്നു വരുന്നതായി കാണപ്പെടുന്നു. ഇത്തരം സംഘങ്ങളുമായി ഐക്യപ്പെടുന്നവര്‍ പൊതുവെ സ്രഷ്ടാവിന്‍റെ നിയമങ്ങൾക്ക് വിരുദ്ധമായ ലിബറൽ-സെക്യുലർ അവകാശ സങ്കൽപങ്ങളെ സാധാരണവൽകരിക്കുന്നവരാണ് എന്ന് മനസ്സിലാക്കാം. ഈ ലേഖനം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ നേതാവ് വസീം ആർ. എസിൻറെ ഉത്തരകാലം പ്രസിദ്ധീകരച്ച ലേഖനത്തിന് പ്രതികരണമെന്നോണം എഴുതുന്നതാണെങ്കിലും, ഈ വിഷയം ഇന്‍ഡ്യന്‍ മുസ്‍ലിം രാഷ്ട്രീയ സാഹചര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് വസ്തുത. ഒമർ സുലൈമാൻ, യാസിർ ഖാദി അടക്കമുള്ള നിരവധി പ്രബോധകർ ഇതുപോലത്തെ ലൈംഗിക അരാജകത്വ സംഘങ്ങളുമായുള്ള രാഷ്ട്രീയ സഖ്യ – അനിവാര്യതയെ കുറിച്ച്  സംസാരിച്ചതിനെ തുടർന്ന് ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. സ്വത്വ രാഷ്ട്രീയത്തിൻറെ പേരിലും, ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൻറെ പേരിലും സമുദായ നേതാക്കന്മാർ തികച്ചും അശ്രദ്ധമായിട്ടാണ് ഹോമൊഫോബിയയെ ഇസ്ലാമോഫോബിയയുമായി ആയിട്ട് സമീകരിക്കുന്നത് എന്ന് പറയേണ്ടി വരുന്നു.

 

 

സ്വവര്‍ഗാനുരാഗികളുമായി രാഷ്ട്രീയസഖ്യം നടപ്പിലാക്കുന്നതിന് മുസ്‍ലിം സമുദായ നേതാക്കന്മാർ മുന്നോട്ട് വെക്കുന്ന പ്രധാന വാദം, മുസ്‍ലിങ്ങളെ പോലെ തന്നെ ‘ലൈംഗിക-ന്യൂനപക്ഷങ്ങളും’ അടിച്ചമർത്തപ്പെടുന്നുണ്ടെന്നും ക്രൂശിക്കപ്പെടുന്നുണ്ടെന്നുമാണ്. സ്വവർഗാനുരാഗികള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന നിര്‍മിത വാദഗതിയെ സാധാരണവൽകരിക്കുന്നവർ, ഒരർഥത്തിൽ തങ്ങളുടെ പൊതുശത്രുവിനെ നേരിടാനുള്ള രാഷ്ട്രീയ സഖ്യം നടപ്പിലാക്കുന്നതിനാണെന്ന് നമുക്ക് മനസ്സിലാകും. എന്നാൽ ഹിന്ദുത്വം യഥാര്‍ഥത്തില്‍ LGBT സമൂഹങ്ങളുടെയും, മുസ്‍ലിങ്ങളുടെയും പൊതു ശത്രുവാണോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതില്ലേ? ഇന്‍ഡ്യയില്‍ നിലവിലുള്ള വലത്-ലിബറൽ ജനാധിപത്യ സര്‍ക്കാര്‍ ഹോമോഫോബിയ പ്രചരിപ്പിക്കുന്നവരാണെന്ന് എന്തടിസ്ഥാനത്തിലാണ് പറയാനാവുക! ലൈംഗിക-ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ച് കൊണ്ടുള്ള, ഹോമോഫോബിക്‍ ആയിട്ടുള്ള നിയമങ്ങൾ അവർ പുതിയതായി നടപ്പില്‍ വരുത്തിയിട്ടുണ്ടോ? വലതുപക്ഷ ആശയവും, ലൈംഗിക അരാജകത്വവാദവും ലിബറലിസത്തിൻറെ തന്നെ അടിത്തറയില്‍ അധിഷ്ടിതമാണെന്ന്, LGBTയോടുള്ള ഭരണകൂട നയങ്ങളും, അവരുടെ ദാർശനിക മാതൃകയും പരിശോധിച്ചാൽ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 

 

ഹിന്ദുത്വവും സ്വവര്‍ഗാനുരാഗ അനുകൂല നിലപാടുകളും

 

 

2019-ല്‍ JNU പഠനകാലത്ത് തീവ്രവലതുപക്ഷക്കാരനായ സഹപാഠിയുമായി ഹിന്ദുത്വത്തെ കുറിച്ചുള്ള സംഭാഷണ മധ്യേ, BJP സര്‍ക്കാര്‍ പിന്തിരിപ്പന്‍ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍, സ്വവര്‍ഗാനുരാഗ ബന്ധങ്ങളെ കുറ്റകരകമാക്കുന്ന ഭരഘടനാവകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാണിച്ച് കൊണ്ട് എന്‍റെ പരാമര്‍ശത്തെ അയാള്‍ പ്രതിരോധിക്കുകയും സര്‍ക്കാര്‍ പുരോഗമനാശയങ്ങള്‍ക്കൊപ്പമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. ഇതേ ഹിന്ദുത്വവാദി സഹപാഠിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇസ്രാഈലിനെ അനുകൂലിക്കുന്നത് മുസ്‍ലിങ്ങളോടുള്ള വെറുപ്പ് കാരണമാണെന്ന് മറ്റൊരിക്കല്‍ എന്‍റെ ഒരു കശ്മീരി സുഹൃത്തിനോട് തുറന്നു സമ്മതിച്ചത്. ഈ അടുത്താണ് കേന്ദ്ര സര്‍ക്കാര്‍ സ്വവർഗരതി കുറ്റകരമാക്കിയ നിയമങ്ങളെ റദ്ദാക്കിയതെന്നും, അതിനാൽ തന്നെ  LGBT വിരുദ്ധമല്ല BJP ഭരണകൂടം എന്ന് പറയുകയും ചെയ്തു. ഇത്രയും പറഞ്ഞതിൽ നിന്ന് വലത് പക്ഷക്കാരും,  BJP സര്‍ക്കാരും, സ്വവർഗ്ഗ ലൈംഗികതയേയും, ലൈംഗിക വ്യതിയാനങ്ങളെ ആചരിക്കുന്നവരെയും, പുരോഗമനത്തിൻറെ മുദ്രകളായി കാണുന്നുവെന്ന് മനസ്സിലാക്കാം.

 

 

മുസ്‍ലിങ്ങളെ സംബന്ധിച്ചിടത്തോളം, ഇതിൽ ആശ്ചര്യപ്പെടാൻ യാതൊന്നുമില്ല, കാരണം LGBT പ്രചാരണം ലിബറൽ ഭൌതിക ജ്ഞാനശാസ്ത്രത്തിന്റെ സ്വാഭാവിക പരിണാമമായതിനാൽ, ഈ ദാർശനിക മാതൃകയുടെ ഭാഗമായ ഹിന്ദുത്വയും ഇതിനെ പിന്തുണയ്ക്കും. ദൈവികമായി ഇറക്കപ്പെട്ട എല്ലാ ധാർമിക അടിസ്ഥാനത്തെയും (ഖുർആനിലും ഹദീഥിലുമുള്ള) എതിർക്കുന്നതിന് വേണ്ടി ലിബറലുകൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നത് നോക്കിയാൽ ലിബറലുകൾക്കിടയിലെ – ഹിന്ദുത്വ ഉൾപ്പടെ – എല്ലാ ഇസ്‍ലാമോഫോബുകളും, ഇസ്‍ലാമിനോടുള്ള വെറുപ്പിൻറെ പേരിൽ LGBTയെ അനുകൂലിക്കുക തന്നെ ചെയ്യും. ഹിന്ദുത്വയെ ഫാഷിസമായി അംഗീകരിക്കുമ്പോൾ തന്നെ, എന്താണ് ഫാഷിസത്തിൽ ഉള്ളടങ്ങിയിട്ടുള്ളതെന്ന് മനസ്സിലാക്കൽ അനിവാര്യമാണ്, പ്രത്യേകിച്ചും അത് മതേതര ദേശീയതയുടെ തീവ്രരൂപമാകുമ്പോൾ.

 

 

സയണിസം പോലെ തന്നെ, ഹിന്ദുത്വയും ഒരു വലതു-പക്ഷ ലിബറൽ സംഹിതയാകുന്നു, അവ രണ്ടും മുസ്‍ലിങ്ങളെയും ക്രൈസ്തവരെയും ശത്രുക്കളായാണ് പരിഗണിക്കുന്നത്. സയണിസ്റ്റ് ഭരണകൂടം, ഹിന്ദുത്വ ഭരണകൂടവും, അബ്രഹാമിക മത വിശ്വാസത്തിൽ പാപമായി പറഞ്ഞിട്ടുള്ള സ്വവർഗരതിയും മറ്റ് അധാർമികതയും (ചിന്തയെ അല്ല ഇവിടെ പ്രതിസ്ഥാനത്ത് നിർത്തുന്നത്, പകരം പ്രവൃത്തിയെയാണ്) പുരോഗമനത്തിൻറെ ഭാഗമായിട്ടാണ് കരുതുന്നത്. ഇസ്റാഈലിലെ വലതുപക്ഷ ലിബറലുകളുടെ പ്രവൃത്തികൾ ജൂത മതഗ്രന്ഥങ്ങളിലെ ആശയങ്ങളോട് വൈരുധ്യം പുലർത്തുന്നതാണെങ്കിലും, ഹൈന്ദവ വേദങ്ങള്‍ സ്വയം തന്നെ ഈ പ്രവൃത്തിയെ സാധൂകരിക്കുന്നതായി ഹിന്ദുത്വ ബുദ്ധിജീവികള്‍ സമര്‍ഥിക്കുന്നു. അതുപോലെത്തന്നെ അവര്‍, ഹിന്ദു സംസ്കാരവും വേദങ്ങളും സ്വവർഗരതിയെ സ്വാഗതം ചെയ്യുന്നു എന്ന് വരുത്തിത്തീർക്കുകയും ചെയ്തിട്ടുണ്ട്.

 

 

ബ്രിട്ടീഷ് കൊളോണിൽ നിയമ പ്രകാരം സ്വവർഗരതി കുറ്റകരമായിരുന്നു. അബ്രഹാമിക വിശ്വാസത്തിൻറെ വക്താക്കളായ വൈദേശികര്‍ നടത്തിയ അധിനിവേശവും അവര്‍ അടിച്ചേല്‍പിച്ച നിയമങ്ങളും കാരണമാണ് ഹൈന്ദവ സമൂഹങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങളോട് നിഷേധാത്മക സ്വഭാവം രൂപപ്പെട്ടതെന്ന് തീവ്രവലത് ഹിന്ദുത്വര്‍ വാദിക്കുന്നു. വലതുപക്ഷ ഹിന്ദുത്വ ബുദ്ധിജീവികൾ കൊളോണിയൽ കാലത്തെ ധാർമിക നിയമങ്ങളെ എതിർക്കുന്നത്, അപകോളനീകരണ നയത്തിൻറെ ഭാഗമായിട്ടാണ് പരിഗണിക്കുന്നത്. ഇതേ ബുദ്ധിജീവികൾ തന്നെ തങ്ങളുടെ ‘അപകോളനീകരണ’ത്തിൻറെ ഭാഗമായിട്ട് LGBT യെ അനുകൂലിക്കാനും, പുരോഗമന വാദികളായി അവതരിക്കാനും, സ്വർവർഗരതിക്ക് വിരുദ്ധമായ ഘടകങ്ങളുള്ള ചില സ്മൃതി-വേദങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടി പുനർവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ വാദഗതിയുടെ പരിഹാസ്യത.

 

 

ഇതിൻറെ കൂടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ഹിന്ദുത്വ വലതുപക്ഷ വാദികളിൽ ഭൂരിഭാഗം പേരും പാശ്ചാത്യ വലതുപക്ഷ വക്താക്കളെ പോലെ നിരീശ്വരവാദികളും അജ്ഞേയവാദികളുമാണ്. അവർക്കിടയിലെ പുരോഹിതരും, ആത്മീയ ഗുരുക്കന്മാര്‍ പോലും, ദൈവം എന്നത് ‘ഒന്നുമില്ലായ്മ’ ആണെന്നത് പോലുള്ള സംശയഗ്രസ്ഥമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. കാരണം അവര്‍, അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹൈന്ദവ വേദങ്ങളിലെ അവ്യക്തത കാരണം ‘ദൈവ’ത്തെ പറ്റി സംശയാലുക്കളും കൃത്യമായ കാഴ്ചപ്പാടില്ലാത്തവരുമാണ്. അതിനാൽ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ പങ്ക് കൊള്ളുന്നതിൽ LGBTയുമായുള്ള രാഷ്ട്രീയ സംഖ്യം അനിവാര്യമാണെന്ന് പറയുന്നത് തന്നെ അർത്ഥശൂന്യമാണ്.

 

 

വെറുമൊരു പ്രീണന നയമെന്നതിലുപരി ആശയപരമായ അടിത്തറയിലൂന്നിത്തന്നെയാണ് BJP ഭരണകൂടം LGBT അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് എന്ന് അവർ ഭരണത്തിൽ കേറിയതിന് ശേഷമുള്ള നിയമ നിര്‍മാണങ്ങള്‍ നിരീക്ഷിച്ചാൽ തന്നെ മനസ്സിലാകും. തികഞ്ഞ ഭൂരിപക്ഷത്തോടെ 2014 ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ BJP വിജയിച്ചതിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളില്‍, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് മൂന്നാമത് ഒരു ലിംഗ വിഭാഗത്തിൽ ഉൾപ്പെടാനുള്ള അവസരം തുറന്ന് കൊടുക്കുകയും ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞുവെച്ചിട്ടുള്ള മൌലികാവകാശങ്ങൾ അവർക്ക് അനുവദിക്കുകയും ചെയ്തു.

 

പിന്നീട് 2018-ൽ സുപ്രീം കോടതി സെക്ഷൻ 377 ലെ വ്യവസ്ഥകൾ റദ്ദാക്കുകയും, സ്വകാര്യവും, ഉഭയകക്ഷി സമ്മതത്തോട് കൂടിയുള്ള സ്വവർഗരതിയെ കുറ്റകരമല്ലാതാക്കുകയും ചെയ്തു. 2014 മുതലുള്ള BJP ഭരണകാലത്ത് നിയമ നിർമാണത്തിന് ഉപരിയായി, ട്രാൻസ്ജെൻഡറുകളെ സംരക്ഷിച്ച് കൊണ്ടുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, സാമ്പത്തിക മേഖലയിൽ LGBT കളെ ഉൾക്കൊള്ളിക്കുന്നതിനും, അംഗീകരിക്കുന്നതിനും വേണ്ടിയും, കമ്പനികളിലും മറ്റും ജോലികളില്‍ സംവരണം അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പറഞ്ഞതെല്ലാം BJP യുടെ LGBT അനുകൂല രാഷ്ട്രീയത്തിൻറെ ചെറിയ ഉദാഹരങ്ങൾ മാത്രമാണ്.

 

 

തങ്ങളുടെ ശത്രുവിൻറെ യഥാർഥ സ്വഭാവം അറിയാതെയാണ്, മുസ്‍ലിം സമുദായത്തിലെ ചില നേതാക്കന്മാർ ഫാഷിസത്തെ ചെറുക്കാൻ ഇത്തരം സഖ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിന് പകരം, തീവ്ര വലതു സര്‍ക്കാരിനു സമാനമായി ലിബറല്‍ ആശയങ്ങളാല്‍ തന്നെ രൂപപ്പെട്ട LGBT സംഘങ്ങളുമായി സഖ്യപ്പെടുന്നതിനുള്ള തങ്ങളുടെ വികല നയങ്ങളെ ന്യായീകരിക്കുന്ന തിരക്കിലാണ് അവര്‍. ആഗോള പ്രവണതക്കനുസൃതമായി ഇന്ത്യൻ സമൂഹത്തിലെ ഭൂരിഭാഗത്തെയും, ഭരണഘടനാ നിയമ നിര്‍മാണങ്ങളിലൂടെയും വിദ്യാഭ്യാസ പാഠ്യ പദ്ധതികളിലൂടെയും, LGBTക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള കൃത്യമായ ശ്രമങ്ങള്‍ നടക്കുന്നുണുണ്ട്. സ്വയം പ്രഖ്യാപിത ‘സ്വതന്ത്ര ചിന്തകരിൽ’ എന്തെന്നില്ലാത്ത വർദ്ധനവ് ഈ വിഷയത്തിൽ കാണാൻ സാധിക്കും, എല്ലാ മുസ്ലിം വിരുദ്ധ നയങ്ങളെയും അനുകൂലിക്കുന്ന ഇവർ തന്നെയാണ് LGBT പ്രചാരണത്തിൻറെയും മുഖ്യവാഹകർ.

 

 

ആയതിനാൽ എങ്ങനെയാണ് ഭരണകൂടം വിപരീത തരത്തിൽ സമീപിക്കുന്ന രണ്ട് സമൂഹങ്ങളെ തുലനം ചെയ്യാൻ സാധിക്കുന്നത്? സത്യനിഷേധികളും കപടന്മാരുമായ, ഇസ്‍ലാമിൻറെ ശത്രുക്കളിൽ നിന്ന് മുസ്‍ലിം സമുദായം നേരിടുന്ന പീഡനങ്ങളെ മുൻ നിർത്തി നോക്കിയാൽ സ്വവര്‍ഗാനുരാഗികളോട് മുസ്‍ലിം സമുദായത്തെ താരതമ്യപ്പെടുത്തുന്നത് തന്നെ അർത്ഥശൂന്യമാണെന്ന് മനസ്സിലാക്കാം. കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ലിബറൽ ഭരണകൂട നയങ്ങള്‍ പരിശോധിച്ചാൽ സ്വവര്‍ഗാനുരാഗികളോടുള്ള അവരുടെ സമീപനത്തിൻറെ നേർ വിപരീതമാണ് മുസ്‍ലിങ്ങളോട് കാണിക്കുന്നത് എന്ന് മനസ്സിലാകും. സാധ്യമായ എല്ലാ രീതിയിലും, മുസ്‍ലിങ്ങളെ പൈശാചികവൽക്കരിച്ചും, അമാനവവല്‍ക്കരിച്ചും, അവമതിച്ചും, അവരെ അടിച്ചമർത്തുന്നതിന് വേണ്ടിയുള്ള മത്സരമാണ് ലിബറലുകൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്നത്. മുസ്‍ലിം ആയതിൻറെ പേരിൽ മാത്രം സംഭവിക്കുന്ന കൂട്ടക്കൊലകളെ ലിബറൽ മാധ്യമങ്ങൾ സാമാന്യവൽകരിക്കുകയും, അതിൻറെ ഗൌരവത്തെ നിഷേധിക്കുകയും ചെയ്യുന്നു, അതും പ്രസ്തുത അക്രമങ്ങളെ കുറിച്ചുള്ള ഭരണകൂടത്തിന്‍റെയും മറ്റ് അധികാരികളുടെയും ന്യായീകരണ വ്യൂഹങ്ങളെ അവതരിപ്പിക്കുന്ന അതെ മാധ്യമങ്ങളുടെ കാര്യമാണിത്. ന്യായാലയങ്ങള്‍ മുതൽ മാധ്യമങ്ങൾ വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും മുസ്‍ലിങ്ങളെ ഈ രാജ്യത്തു നിന്നും പരിപൂർണ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കഠിന പ്രയത്നം നടത്തുന്നു എന്ന് അനുദിനം നടക്കുന്ന അടിച്ചമർത്തല്‍ പരമ്പരകളിലെ ഓരോ സംഭവങ്ങളും പരിശോധിച്ചാൽ തന്നെ വ്യക്തമാണ്.

 

 

മുസ്‍ലിങ്ങള്‍ നേരിടുന്ന പീഡനങ്ങളെയും കൊലപാതകങ്ങളെയും LGBT വക്താക്കളുടെ ‘ആശങ്ക’കളോട്, മുസ്‍ലിങ്ങൾ തന്നെ തുലനം ചെയ്യുന്നത് അക്ഷരാർഥത്തിൽ നമ്മളെ അടിച്ചമർത്തുന്ന വലത് – ഇടത് ലിബറലുകളുടെ വിജയമായാണ് കണക്കാക്കേണ്ടത്. ഇങ്ങനെ തുലനം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് മുസ്‍ലിങ്ങള്‍ സ്വന്തം പീഡാനുഭവങ്ങളെ നിസ്സാരവല്‍ക്കുകയും, സ്വന്തം ധാര്‍മിക മാപിനി യാതൊരു ധാര്‍മിക മൂല്യവുമില്ലാത്ത ലിബറലിസത്തിലേക്ക് ചുരുക്കുകയുമാണ് ചെയ്യുന്നത്.

 

സ്വവര്‍ഗാനുരാഗവാദികള്‍ക്കുള്ള പിന്തുണ ഇന്‍ഡ്യന്‍ മുസ്‍ലിം സംഘടനകള്‍ക്ക് രാഷ്ട്രീയമയി സഹായകമാണോ?

 

 

ഇന്‍ഡ്യൻ കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളില്‍, ഇടത് ലിബറലുകളാണ് (കമ്യൂണിസ്റ്റ്) LGBT അജണ്ടകളുടെ പ്രധാന വാഹകരും പ്രചാരകരും. SFI, DSU, AISA, AISF തുടങ്ങിയ സംഘടനകൾ ഇതിന് ഉദാഹരണമാണ്. ഇടത് വിദ്യാർഥി സംഘടനകളുടെ ബൌദ്ധിക മുന്നേറ്റങ്ങളില്‍ നിന്നും ആധാർമികതയിലേക്കുള്ള ചുവടുമാറ്റം, വലതുപക്ഷ ആശയങ്ങൾക്കെതിരെ നിലകൊള്ളുമെന്ന അവകാശവാദം ഉന്നയിക്കുന്ന മാർക്സിസത്തിൻറെയും മറ്റ് മധ്യ-ഇടതു സിദ്ധാന്തങ്ങളുടെയുമെല്ലാം പരാജയത്തെയാണ് വ്യക്തമാക്കിത്തരുന്നത്. കൃത്യമായ ഇടതു ആശയങ്ങളുടെ അപര്യാപ്തതയും, തങ്ങളുടെ അനാകര്‍ഷകമായ നിയമ സംഹിതകളും മൂലം ഉളവായ അനുയായികളുടെ കൊഴിഞ്ഞുപോക്കും അവരെ ലൈംഗിക വ്യതിയാന ആശയങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണുണ്ടായത്. സ്വവർഗരതിയെ പ്രോത്സാഹിപ്പിച്ചും മറ്റും ലിംഗ-സന്ദേഹികളായ ഒരു തലമുറയെ ഉണ്ടാക്കിയെടുക്കൽ ലിബറൽ സംസ്കാരത്തിൻറെ തകര്‍ച്ചയിലേക്കുള്ള അവസാന പടവുകളാണ്. പ്രവാചകൻ ലൂഥിൻറെ (അലെയ്ഹിസ്സലാം) കാലം മുതല്‍ക്കുള്ള എല്ലാ സംസ്കാരങ്ങളും ഈ പാഠമാണ് പറഞ്ഞ് വെക്കുന്നത്.

 

 

RSS അജണ്ടയുടെയും BJP സർക്കാരിന്‍റെയും മുസ്‍ലിം വിരുദ്ധ നയങ്ങളുടെയും മൂക അനുഭാവികളായ മധ്യ-ഇടതു വിദ്യാർഥി സംഘടനകളും അവയുടെ അനുബന്ധ മാതൃസംഘടനകളും ഇസ്ലാമോഫോബിക്‍ ആണെന്നത് ഇന്ത്യയിലെ മിക്ക മുസ്‍ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിനകം മനസ്സിലാക്കിയിട്ടുള്ള ഒരു യാഥാർഥ്യമാണ്. ഇത്തരമൊരു പശ്ചാതലത്തിൽ, മുസ്‍ലിം വിദ്യാർഥി സംഘടനയും ജമാഅത്തെ ഇസ്‍ലാമി ഹിന്ദിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതുമായ  ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, രാഷ്ട്രീയത്തിൽ ഇസ്‍ലാമിനെയും ധാർമികതയെയും മാറ്റി നിർത്തുന്ന മതേതര രാഷ്ട്രീയത്തിൻറെ ഘടനയെ കൂട്ട് പിടിക്കുന്നത് ഒരിക്കലും വിജയകരമാവില്ലെന്ന് മാത്രമല്ല, അത് പൈശാചിക വ്യവസ്ഥകളോട് സമരസപ്പെടല്‍ കൂടിയണ്. പ്രസ്തുത അജണ്ട നടപ്പിലാക്കുക വഴി, ഇടത് രാഷ്ട്രീയത്തെ വിമർശിക്കുന്നതിൽ പാളിച്ചയുണ്ടാവും, പ്രത്യേകിച്ചും അവര്‍ സ്വന്തം ആശയങ്ങളില്‍ കടുംപിടുത്തക്കാരാവുകയും തങ്ങളുടെ വിമര്‍ശകര്‍ക്കു നേരെ തീവ്രവാദ മുദ്ര ചാര്‍ത്തി രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍.

 

 

ക്വിയർ  രാഷ്ട്രീയത്തെ സ്വീകരിക്കുകയും അത്തരം ആശയങ്ങള്‍ വ്യകതിമുദ്രയാക്കിയ ഇടത് രാഷ്ട്രീയ സംഘടനകളുടെ സഖ്യം ആവശ്യപ്പെടുന്നതും മുസ്ലിം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സാരമായ വിള്ളലുകൾ സൃഷ്ടിക്കും. ലിബറൽ പരിധിയിൽ വരുന്ന അവകാശങ്ങൾ, സമത്വം, ധാർമികത, തുടങ്ങിയവയുമായി സഖ്യം ചേർന്നാല്‍ മാത്രമേ രാഷ്ട്രിയ വിജയം സാധ്യമാകൂ എന്നത് ഇസ്‍ലാമികദൃഷ്ട്യാ തന്നെ അടിസ്ഥാനരഹിതമാണ്. വിമര്‍ശകരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഫ്രറ്റേണിറ്റി അടക്കമുള്ള ലിബറല്‍ പ്രത്യയശാസ്ത്രത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട മുസ്‍ലിം വിദ്യാർഥി സംഘടനകൾ, തങ്ങളുടെ നയപരിപാടികള്‍ തീരുമാനക്കുന്നത് ഇസ്‍ലാമിക വ്യവസ്ഥപ്രകാരമല്ല എന്ന് അവകാശപ്പെടുകയാണെങ്കില്‍, ഏതൊരു പ്രത്യയശാസ്ത്രമുപോയാഗിച്ചാണോ ശത്രുക്കള്‍ അവര്‍ നിങ്ങളെ അടിച്ചമര്‍ത്തുന്നത് അതേ മര്‍ദ്ദക പ്രത്യയശാസ്ത്രത്തിന്‍റെ ഉപകരണങ്ങളായി മാറേണ്ടതുണ്ടോ എന്ന് പുനര്‍വിചിന്തനം നടത്താനുള്ള സമയമാണിതെന്നാണ് അവരെ ഓര്‍മപ്പെടുത്താനുള്ളത്. വിമോചനം എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും നേരായതായിരിക്കുക എന്നത് പ്രധാനമാണ്, കാരണം ഇസ്‍ലാമിക കാഴ്ചപ്പടില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുകയില്ല.

 

 

നമ്മുടെ രാഷ്ട്രീയ ധാർമികത തെറ്റായ നൈതിക ബോധത്താല്‍ പ്രചോദിതമായതാണെങ്കില്‍, അടിച്ചമർത്തലിനെ ചെറുക്കുന്നതിൽ നമ്മൾ ആത്മാർഥത പുലർത്തുന്നു എന്നതൊഴിച്ചാൽ മധ്യ-ഇടതു-വലതു രാഷ്ട്രീയങ്ങളും മുസ്‍ലിം രാഷ്ട്രീയവും തമ്മിൽ മറ്റു വ്യത്യാസങ്ങളൊന്നുമില്ലാതാകുന്ന സാഹചര്യമാണ് സംജാതമാകുക. എന്നാല്‍  സന്മാര്‍ഗത്തിനായവതീര്‍ണമായ ഒരു ജ്ഞാനശാസ്ത്രത്തെ (Epistemology) പുനരവതരിപ്പിച്ച് പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഈ കാലഘട്ടത്തില്‍ പ്രധാനമായും നാം ചെയ്യേണ്ടത്.

 

 

ലിബറൽ അധികാര ഘടനകളുമായി സഖ്യപ്പെടുന്നതിലൂടെ, മുസ്‍ലിം സംഘടനകൾ മുസ്‍ലിം ഉമ്മത്തിനെ മതേതര ഭാവനകളുടെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ഇക്കാര്യത്തെ കുറിച്ച് ധാരാളം ചിന്തകന്മാർ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. ആഗോള മുസ്‍ലിം സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ മൂല കാരണം ഇസ്‍ലാമിക തത്വശാസ്ത്രത്തിലധിഷ്ടിതമായ ഒരു കേന്ദ്ര വ്യവസ്ഥയുടെ അഭാവമാണെന്ന് അലി എസ്. ഹര്‍ഫൂഷ് നിരീക്ഷിക്കുന്നുണ്ട്. LGBT വിഭാഗങ്ങളുമായിട്ടുള്ള രാഷ്ട്രിയ സഖ്യത്തെ നിരുത്സാഹപ്പെടുത്തുന്നതിലൂടെ അവരുടെ ജീവിക്കാനുള്ള അവകാശത്തെ നമ്മള്‍ നിഷേധിക്കുകയല്ല ചെയ്യുന്നത്, മറിച്ച് സ്രഷ്ടാവിൻറെ യുക്തിയേക്കാൾ സൃഷ്ടികളുടെ യുക്തിക്ക് മുൻഗണന കൊടുക്കുന്നതിലൂടെ ഇടതു ലിബറലുകളുടെ വേട്ടയാടലിന് സ്വയം തന്നെ ഇരയാവുകയാണ് നമ്മൾ. ഇത്തരം അജണ്ടകൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്, കാരണം പ്രസ്തുത അജണ്ടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വീകരിക്കപ്പെടാറില്ല, ഇനി അഭിപ്രായപ്പെട്ടാൽ തന്നെയും അത്തരം ആളുകളെ നമ്മൾ അടിച്ചമർത്തുകയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യും.

 

 

മനുഷ്യന് ദൈവം നൽകിയിട്ടുള്ള ബാധ്യതകളെയും, അവകാശങ്ങളെയും പിശാചില്‍നിന്ന് പ്രചോദനം കൊണ്ടുള്ള ‘അവകാശങ്ങളുമായി’ തുലനപ്പെടുത്തുന്നതിന് പകരം, ഹിജ്‍ഡ- ഇസ്‍ലാമിക ഗ്രന്ഥങ്ങൾ പ്രകാരം ഖുൻഥ (خنثة) – പോലുള്ള വിഭാഗത്തിൻറെ ശരിയായ ആശങ്കകളെ പരിഗണിക്കുന്നതിന് വേണ്ടി, സംഘടനകൾ പണ്ഡിതന്മാരുമായി ചർച്ച ചെയ്ത് ഒരു മാതൃക നിർമിക്കുകയാണ് വേണ്ടത്. മറിച്ചൊരു നിലപാട് സ്വീകരിക്കുന്നതിലൂടെ ഇരിക്കുന്ന കൊമ്പ് തന്നെ വെട്ടി മാറ്റുകയാണ് മുസ്‍ലിം സംഘടനകൾ ചെയ്ത് വെക്കുന്നത്.സ്വന്തം മതത്തിൽ അന്യായമായി നിങ്ങള്‍ അതിരുകവിയാതിരിക്കുക. നിങ്ങൾക്ക് മുമ്പ് സ്വയം ദുർമാർഗികളാവുകയും, അനേകരെ ദുർമാർഗത്തിലാക്കുകയും സൽപന്ഥാവിൽ നിന്നു വ്യതിചലിക്കുകയും ചെയ്ത ജനത്തിൻറെ ഭാവനകളെ നിങ്ങൾ പിൻപറ്റാൻ പാടില്ലാത്തതാകുന്നു.” (വിശുദ്ധ ഖുര്‍ആന്‍ – 5:77)